ഇന്ന് രാവിലെ അലസതയോട് യുദ്ധം വെട്ടി വിശക്കുന്ന വയറിനോട് നീതി കാണിക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍, മുറ്റത്ത് ഇന്നലത്തെ ചര്‍ദ്ദി കാക്കകള്‍ കൊത്തി പെറുക്കുന്നു. ബാക്കിയായ ചോറു പറ്റുകളുടെ കൂടെ ഒരു ഓര്‍മ കറുത്ത് ഇരുണ്ടു കിടക്കുന്നു. കുറെ കാലമായി ദഹിക്കാതെ മനസ്സില്‍ കിടന്ന ഒരു ഓര്‍മ ഇന്നലത്തെ മദ്യം കലര്‍ന്ന ചര്‍ദ്ദിയിലൂടെ പുറത്തു വന്നിരിക്കുന്നു
എനിക്ക് ആ old age home താല്‍ക്കാലികമായുള്ള ഭക്ഷണ ശാല ആയിരുന്നു, ഒരാഴ്ച്ചകാലം എനിക്ക് മൂന്നുനേരമും ഭക്ഷണം തന്ന സ്ഥലം. ആദ്യ ദിവസം ഞാന്‍ അവിടെ കേറി ചെന്നത് ഇപ്പോഴും ഓര്‍ക്കുന്നു. എത്ര മുറികള്‍ ഉണ്ടന്നോ എത്ര ആളുകള്‍ ഉണ്ടന്നോ എനിക്കറിയില്ല. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലതാകപെട്ട കുറെ നിഴല്‍ രൂപങ്ങള്‍ , മനുഷ്യ പ്രതിമകള്‍ . ആരോടും പരാതിയില്ലാതെ മുഖം മുഴുവന്‍ നിര്‍വികാരതയുടെ ചായം തേച്ചു പിടിപ്പിച്ചവര്‍
കുറേ പേരുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല , എന്നും എനിക്ക് വാതില്‍ തുറന്നു തന്ന ഒരു സ്ത്രീ , കാലിനു സ്വാധീനം കുറവുണ്ട് എന്നാലും ആ നീണ്ട വരാന്ത മുഴുവനും തന്റെ സ്വപ്ന ഭാരങ്ങള്‍ മുഴുവനും ആ കാലില്‍ തൂക്കിയിട്ട് രാവിലെ മുതല്‍ രാത്രി വരെ നടന്നു കൊണ്ടേയിരിക്കും , ഒരിക്കല്‍ ഞാന്‍ അവരോടു ചോദിച്ചു എന്തിനാ വയ്യാത്ത കാലുമായി ഇങ്ങനെ നടക്കുന്നത് , ഒന്ന് ചിരിച്ചു കൊണ്ട് അവര്‍ എന്നോട് പറഞ്ഞു "മോന്‍ പുറത്തു പോകുമ്പോള്‍ സൂക്ഷിക്കണം ഈ വീടിനു ചുറ്റും പിശാചുക്കളാണ്", വീണ്ടും അവര്‍ നടന്നു കൊണ്ടേ ഇരുന്നു.
കുറച്ചുപേര്‍ എപ്പോഴും ടി വി യുടെ മുന്പില്‍, സ്ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങുളുടെ ഭംഗിയൊന്നും അവരുടെ മുഖത്തില്ല , സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ മാത്രമായിരിക്കാം അവരുടെ മനസ്സില്‍ . അപ്പോള്‍ ഒരു മണിയടി ശബ്ദം ക്ലോക്കില്‍ അല്ല കിച്ചനില്‍ നിന്നാണ്, അവര്‍ ടി വി ഓഫാക്കി വരിവരിയായി നടന്നു ഭക്ഷണം കഴിക്കാനായി . പഴകിയ മണിയടിയുടെ പുറകില്‍ ഒരു അസ്വാതത്ര്യതിന്റെ ചങ്ങല
ഇനി കുറച്ചുപേര്‍ ദിവസം മാറിവന്ന പത്രത്താളുകള്‍ വായിക്കുന്നു. പഴകിയ വാര്‍ത്തകളിലും ഒരു പുതുമയുണ്ട് എന്ന് എനിക്കന്നു മനസിലായി. ഇന്ന് ഹര്‍ത്താല്‍ ആണന്നു ഞാന്‍ പറഞ്ഞപ്പോള്‍ , കഴിഞ്ഞ മാസം ഇലക്ഷന്‍ നടന്നതും പുതിയ മന്ത്രിസഭ അധികാരം ഏറ്റതും അറിയാതെ അവര്‍ പഴയ മുഖ്യമത്രിയെ കുറ്റം പറയുന്നു, നമ്മുടെയെല്ലാം രാഷ്ട്രീയ വിശകലനങ്ങള്‍ അവര്‍ക്ക് മുന്നില്‍ എത്ര ചെറുതാണ്
ചിലര്‍ മരണം പോലും കയരിവരാത്ത ഇരുണ്ട മുറികളില്‍ അസുഖങ്ങളോട് മല്ലിടുന്നു. രാത്രിയും പകലും പോലും തിരിച്ചറിയാന്‍ പറ്റാത്തവര്‍, ഒരു മുറിയില്‍ നിന്നും ഒരു ചോദ്യം "സമയമെന്തായി" ഞാന്‍ പറഞ്ഞു ൮ മണി , അപ്പോള്‍ മറുചോദ്യം "രാത്രിയോ പകലോ" കയ്യില്‍ കെട്ടിയ വാച്ചിന്റെ സൂചികള്‍ പോലും പുറകോട്ട് ഓടുന്നതായി എനിക്ക് തോന്നി
ഞാന്‍ കണ്ടറിയാത്ത , കേട്ട് അറിയാത്ത ഇനിയും കുറേപേര്‍ ആ വീട്ടിലുണ്ട് , ഭാവനയുടെ താക്കോല്‍ കളഞ്ഞു പോയത് കൊണ്ട് അവയെല്ലാം അപൂര്‍ണങ്ങളാണ്
തിരിച്ച് മുറ്റത്ത് ഇറങ്ങിയപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത് അവിടെ മുറ്റത്ത് ഒരു ശവകല്ലറ , ചുറ്റും കുറെ പൂക്കള്‍ വെള്ളയും ചുവപ്പും കലര്ന്നവ , പിന്നീടെപ്പോഴോ ആരോ പറഞ്ഞു കേട്ടു ആ old age home തുടങ്ങിയ ഒരു അച്ഛന്റെ ശവകല്ലറ ആണന്നു എന്ന്
എന്തായാലും ഒരു ചെറിയ ചാറ്റല്‍ മഴയില്‍ ഞാന്‍ അവിടെ നിന്ന് തിരിച്ച് നടന്നപ്പോള്‍ ആ ശവകല്ലരയുടെ മുകളില്‍ ഒരു നീതിപീഠം , വാദിക്കും , പ്രതിക്കും , ജഡ്ജിക്കും ഒരേ മുഖം ഒരേ ഭാവം . പ്രതികളെല്ലാം കണ്ണ് കെട്ടി വായ് മൂടി തല കുനിച്ചു നില്‍ക്കുന്നു . കുറെ മനുഷ്യ പ്രതിമകള്‍ , ആ നീതി പീഠം അവിടെ താമസിക്കുന്നവരുടെ മനസിലാണ് ഉയര്‍ന്നു വന്നിരിക്കുന്നത്
കാഴ്ച്ചയില്‍ നിന്ന് അത് മങ്ങി , കാഴ്ച്ചയില്‍നുന്നു മങ്ങിയെതെല്ലാം ഓര്‍മയുടെ ഭാഗമായി മാറും , വെറും ഓര്‍മ മാത്രം . കാലഹരണപെട്ട നീധിക്കുവേണ്ടി മനസ്സ് തിരയുംബോഴും ബാക്കിയായത് ഇന്നലെ കുടിച്ച മദ്യത്തിന്റെ തല വേദന മാത്രം
വിപിന്‍ വില്‍സണ്‍